മുംബൈ: രാജസ്ഥാനെതിരായ ഐപിഎൽ പോരാട്ടത്തിൽ 193 റൺസ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യയുടെ ബാറ്റിങാണ് ഗുജറാത്തിനെ തുണച്ചത്.
ടോസ് നേടി രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തിൽ തപ്പിത്തടഞ്ഞ ഗുജറാത്തിനെ ഹർദ്ദിക് പാണ്ഡ്യയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അഭിനവ് മനോഹറും ഡേവിഡ് മില്ലറും ഉജ്ജ്വലമായി ബാറ്റ് വീശി ക്യാപ്റ്റനെ പിന്തുണച്ചു.
ഹർദ്ദിക് 52 പന്തുകൾ നേരിട്ട് എട്ട് ഫോറും നാല് സിക്‌സും സഹിതം 87 റൺസ് വാരി പുറത്താകാതെ നിന്നു. അഭിനനവ് മനോഹർ നാല് ഫോറും രണ്ട് സിക്‌സും സഹിതം 43 റൺസ് കണ്ടെത്തി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 14 പന്തിൽ 31 റൺസാണ് മില്ലറുടെ സംഭാവന.
ആദ്യം ബാറ്റിങിന് ഇറങ്ങിയ ഗുജറാത്തിനായി ഓപ്പണർമാരായ മാത്യു വെയ്ഡ് (12), ശുഭ്മാൻ ഗിൽ (13) എന്നിവർക്ക് മികവോടെ തുടങ്ങാൻ സാധിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. സ്‌കോർ 12ൽ നിൽക്കെ വെയ്ഡ് മടങ്ങി. പിന്നാലെ എത്തിയ വിജയ് ശങ്കർ വീണ്ടും പരാജയമായി. താരം രണ്ട് റണ്ണുമായി കൂടാരം കയറി.
മൂന്നാമനായി ക്രീസിൽ എത്തിയ ഹർദ്ദിക് സ്‌കോർ മുന്നോട്ടു നയിച്ചു. ടീം ടോട്ടൽ 53ൽ നിൽക്കെ ഗിൽ മടങ്ങി. നായകന് കൂട്ടായി അഭിനവ് മനോഹർ ക്രീസിലെത്തിയതോടെ ഗുജറാത്ത് കുതിപ്പ് തുടങ്ങി. അതുവരെ മന്ദതയിലായിരുന്ന സ്‌കോറിങ് ടോപ് ഗിയറിലേക്ക് മാറി.
139ൽ നിൽക്കെ അഭിനവിനെ ചഹൽ മടക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ മില്ലർ തകർത്തടിച്ചതോടെ ഗുജറാത്ത് പൊരുതാവുന്ന സ്‌കോറും പടുത്തിയർത്തി.