ഡല്‍ഹി: ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ മികവ് തെളിയിച്ചതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ച മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം ആരാധകര്‍ക്ക് ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയത്.
മാര്‍ച്ച് 22നാണ് ഐപിഎല്‍ 2024സീസണ്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 24ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍.
‘വെല്ലുവിളികളെ വിജയിക്കുന്ന താരമാണ് ഹാര്‍ദിക്. ആദ്യ വര്‍ഷം തന്നെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചും രണ്ടാം വര്‍ഷം റണ്ണറപ്പുകളാക്കിയും ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മികച്ച പ്രകടനമാണ് ഹാര്‍ദിക് കാഴ്ച വെച്ചത്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മികവ് തെളിയിക്കുന്നതാണിത്. ഇപ്പോള്‍ അദ്ദേഹം വളരെ നിശബ്ദനാണ്. എന്നാല്‍ വളരെ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു ക്യാപ്റ്റന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്’, ഹര്‍ഭജന്‍ സിങ് പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.