കാലിന് പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കളിക്കില്ല

മുംബൈ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ ഒരു മാസം കൂടി കാത്തിരിക്കണം. അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് പൂര്‍ണമായും മാറാത്ത ഹാര്‍ദ്ദിക് ജനുവരി അവസാനം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ മാത്രമെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തില്‍ അടുത്ത മാസം ആദ്യം തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ ആര് നയിക്കുമെന്ന ചോദ്യം ബാക്കിയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ക്രിക്കറ്റില്‍ മാത്രമായിരുന്നു രോഹിത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിരുന്നത്.

ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ക്യാപ്റ്റനാവണണെന്ന് ആവശ്യപ്പെട്ട് ബിസിസിഐ രോഹിത്തിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രോഹിത് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. വിരാട് കോലിയെപ്പോലെ രോഹിത്തും വൈറ്റ് ബോള്‍ സീരീസില്‍ നിന്ന് വിശ്രമമെടുത്താല്‍ പകരം ആരാകും നായകനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. ഏകദിന പരമ്പരയില്‍ നിന്നും രോഹിത് വിട്ടു നിന്നാല്‍ കെ എല്‍ രാഹുല്‍ ഏകദിന ടീമിന്റെ നായകനാവാനാണ് സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക.

ഡിസംബര്‍ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് ടി20കളോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ യാത്ര തുടങ്ങുന്നത്. ഡിസംബര്‍ 10, 12, 14 തിയതികളിലാണ് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

Top