ഹര്‍ദിക് പട്ടേലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആം ആദ്മി നേതാവ്

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിനെ ക്ഷണിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ ഇട്ടാലിയ. കോണ്‍ഗ്രസില്‍ താന്‍ അതൃപ്തനാണെന്ന് ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ഹര്‍ദിക് പട്ടേല്‍ നിഷേധിച്ചിരുന്നു. ഗുജറാത്ത് ഘടകത്തില്‍ പാര്‍ട്ടി നേതൃത്വം തന്നെ മാറ്റിനിര്‍ത്തുകയാണെന്നും തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറല്ലെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.

ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ എന്തിന് സമയം കളയണം. കോണ്‍ഗ്രസില്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം എഎപി പോലുള്ള പാര്‍ട്ടിയില്‍ ചേരണം. ഹര്‍ദിക് പട്ടേല്‍ അര്‍പ്പണബോധമുള്ള വ്യക്തിയാണെന്നും അദ്ദേഹം തന്റെ സമയം പാഴാക്കാതെ എഎപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇട്ടാലിയ പറഞ്ഞു. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഹര്‍ദിക്കിനെപ്പോലെ അര്‍പ്പണബോധമുള്ള ആളുകള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും ഇട്ടാലിയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ വ്യാഴാഴ്ച പട്ടേല്‍ തള്ളിയിരുന്നു. സൂറത്തില്‍ നടന്ന പരിപാടിയിലാണ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹമുണ്ട്, ആരാണ് അങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ലെന്നും പട്ടേല്‍ പറഞ്ഞു. താന്‍ പാര്‍ട്ടിക്ക് പൂര്‍ണമായി സംഭാവന നല്‍കിയിട്ടുണ്ട്. ഭാവിയിലും തുടരും. ഗുജറാത്തില്‍ മികച്ച വികസനം നടത്തും. പാര്‍ട്ടിക്കുള്ളില്‍ ചെറിയ വഴക്കുകളും കുറ്റപ്പെടുത്തലുകളുമുണ്ടാകും. എന്നാല്‍ ഗുജറാത്തിനെ വികസനത്തിലേക്കുയര്‍ത്താന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. സത്യം പറയുന്നത് കുറ്റമാണെങ്കില്‍ എന്നെ കുറ്റക്കാരനായി കണക്കാക്കുക. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് പ്രതീക്ഷകളുണ്ട്, ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഒബിസി വിഭാഗത്തില്‍ സംവരണം ആവശ്യപ്പെട്ട് 2015ല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന്റെ സമരത്തിന് നേതൃത്വം നല്‍കിയ യുവനേതാവാണ് ഹര്‍ദിക് പട്ടേല്‍. രാഹുല്‍ ഗാന്ധിയാണ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്. 2020 ല്‍ ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു.

Top