ന്യൂഡല്‍ഹി : പട്ടീദാര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവും 50000 രൂപ പിഴയും. ഹാര്‍ദിക് പട്ടേലിന് പുറമേ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് നേതാവായ ലാല്‍ജി പട്ടേലും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
17 പേരാണ് കേസിലെ പ്രതികള്‍. ഗുജറാത്തിലെ മെഹ്‌സാനയിലെ കോടതിയാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2015 ലാണ് സംഭവം നടന്നത്. പ്രക്ഷോഭസമയത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഹാര്‍ദിക് പട്ടേലിനെ കോടതി ശിക്ഷിച്ചത്.
ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി സമരങ്ങള്‍ നടത്തി വരികയാണ്. സമരത്തിന് നേതൃത്വം കൊടുത്ത 23കാരനായ ഹാര്‍ദിക് പട്ടേലിനെ രാജ്യദ്രോഹ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കള്‍ മരിക്കുകയും 40 കോടിയോളം രൂപയുടെ നാശ നഷ്ടവുമുണ്ടായിട്ടുണ്ട്.