ന്യൂഡല്‍ഹി: വിവാദമായ പട്ടേല്‍ സമരനായകനും കോണ്‍ഗ്രസ് നേതാവുമായ ഹര്‍ദിക് പട്ടേലിന്റെ തിരോധാനത്തില്‍ പരാതിയുമായി അദ്ദേഹത്തിന്റെ ഭാര്യ. ജയില്‍ മോചിതനായ ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്നാണ് യുവതിയുടെ പരാതി. ജനുവരി 18 ന് ഹര്‍ദികിനെ സംസ്ഥാന സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. തടര്‍ന്ന് 24 മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ഭാര്യ പരാതിയില്‍ പറയുന്നത്.
ജനുവരി 24-ന് മോചിതനായ വിവരം ഹാര്‍ദിക് തന്നെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ”സ്വേച്ഛാധിപത്യത്തിന്റെ തടങ്കലില്‍ നിന്ന് പുറത്തിറങ്ങി. എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്?” എന്നായിരുന്നു ഹര്‍ദികിന്റെ ട്വീറ്റ്.
അതേസമയം തന്റെ ഭര്‍ത്താവിനെ മനപൂര്‍വ്വം സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ലാത്തതിന് കാരണവും സര്‍ക്കാരാണെന്ന് ഹര്‍ദികിന്റെ ഭാര്യ ആരോപിക്കുന്നു.
‘എന്നെയും കുടുംബത്തെയും നിരന്തരമായി അവര്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. അസമയത്താണ് ഇവര്‍ വീട്ടില്‍ കയറിവരുന്നത്. അദ്ദേഹത്തെ നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പുറത്തിറങ്ങിയാല്‍ ഉടനെ മറ്റേതെങ്കിലും കേസില്‍ ഉള്‍പെടുത്തി ജയിലിലിടും. ഇത് ഉപദ്രവമല്ലെന്നാണോ നിങ്ങള്‍ കരുതുന്നത്?’കിഞ്ജാല്‍ ചോദിക്കുന്നു.
എന്നാല്‍ ഹാര്‍ദിക് പട്ടേല്‍ എവിടെയാണ് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ സംഘടനാ നേതാക്കള്‍ക്കും യാതൊരു അറിവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഗുജറാത്ത് പൊലീസ് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും പട്ടേലിനെ നിരന്തരമായി കേസുകളില്‍ കുടുക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.