ഡല്‍ഹി: ഹാര്‍ദിക് പാണ്ഡ്യ പോയത് ഗുജറാത്ത് ടൈറ്റന്‍സിന് ഒരു നഷ്ടമല്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയിരുന്നു. പിന്നീട് രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കുകയും ചെയ്തു. നിലവില്‍ ശുഭ്മാന്‍ ഗില്ലാണ് ടൈറ്റന്‍സിന്റെ നായകന്‍.
മുന്‍ ഐപിഎല്‍ കിരീടജേതാക്കളും കഴിഞ്ഞ സീസണിലെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഈ സീസണിലാണ് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെയെത്തിയത്. പിന്നീടാണ് ആരാധകരെ ഞെട്ടിച്ച് രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദ്ദിക്കിനെ നായകനായി മുംബൈ ഇന്ത്യന്‍സ് നിയമിച്ചത്. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ടീമിന്റെ പ്രതികരണം. സംഭവത്തില്‍ വലിയ ആരാധക പ്രതിഷേധമാണ് ഉയര്‍ന്നത്.
എന്നാല്‍ ഹാര്‍ദികിന്റെ അഭാവം ഗുജറാത്ത് ടൈറ്റന്‍സിനെ ബാധിക്കില്ലെന്നാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയായ ബ്രാഡ് ഹോഗ് പറയുന്നത്. ‘ഗുജറാത്ത് ടൈറ്റന്‍സിന് ഹാര്‍ദിക് പാണ്ഡ്യ പോയത് അത്ര വലിയ നഷ്ടമല്ല. പാണ്ഡ്യ മധ്യനിരയിലെ മികച്ച ഓള്‍റൗണ്ടറാണ്. ടൈറ്റന്‍സിന് ആ കുറവ് മറികടക്കാനാകും. കാരണം അവര്‍ക്ക് ഒരു നല്ല ബൗളിങ് ഡെപ്ത് ഉണ്ട്. ടോപ് ഓര്‍ഡറിലാണ് പാണ്ഡ്യ ബാറ്റുചെയ്യുന്നത്. അദ്ദേഹം അവിടെ അനുയോജ്യനാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ പാണ്ഡ്യ ഇല്ലാത്ത ഗുജറാത്ത് ടൈറ്റന്‍സാണ് നല്ലത്’, ഹോഗ് വ്യക്തമാക്കി.