തമിഴിൽ പ്രമുഖ താരങ്ങളോടൊപ്പം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മലയാള നടൻ ആണ് ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയുന്ന ഹരീഷ് പേരടിയുടെ പുതിയ സിനിമ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. സംവിധായകന്‍ അനീസ് ഒരുക്കുന്ന ‘പകൈവനുക്കു അരുള്‍വായ്’ ആണ് ഹരീഷ് പുതുതായി അഭിനയിക്കുന്ന ചിത്രം. ചിത്രത്തിലെ കഥാപാത്രം തനിക്ക് വന്നു ചേർന്നതിനെ കുറിച്ചും ഹരീഷ് വിശദമാക്കിയിട്ടുണ്ട്. തമിഴ് നടൻ നാസർ അവതരിപ്പിക്കേണ്ട കഥാപാത്രം തനിക്ക് വന്നു ചേർന്നതാണെന്നാണ് ഹരീഷ് പറഞ്ഞത്.
“സംവിധായകന്‍ അനീസ് ഒരുക്കുന്ന ‘പകൈവനുക്കു അരുള്‍വായ്’ ആണ് ആ ചിത്രം. ശശികുമാര്‍ ആണ് നായകന്‍. ജയിലിന്‍റെ പശ്ചാത്തലവും തടവുകാരും നാടകവുമൊക്കെ കടന്നുവരുന്ന ചിത്രം. മനശാസ്ത്രജ്ഞനും നാടകക്കാരനുമായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ശരിക്കും നാസര്‍ സാര്‍ അവതരിപ്പിക്കേണ്ട കഥാപാത്രമായിരുന്നു ഇത്. അദ്ദേഹം തിരക്കിലായിരുന്നതിനാല്‍ എന്‍റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
നേരത്തെ രണ്ട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തമിഴിലെ എന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന ആണ്ടവന്‍ ‘ആണ്ടവന്‍ കട്ടളൈ’യും വി കെ പ്രകാശിന്‍റെ പുതിയ ചിത്രം ‘എരിഡ’യും. അതിലൂടെ വന്ന ഒരു അടുപ്പമുണ്ട് ഞങ്ങള്‍ക്കിടയില്‍. നാസര്‍ സാറിന്‍റെ നിര്‍ദേശപ്രകാരം സംവിധായകനും ശശികുമാറും എന്നെ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാസര്‍ സാര്‍ റെക്കമന്‍ഡ് ചെയ്തു എന്നത് ഒരു അവാര്‍ഡ് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്”, ഹരീഷ് പേരടി കുറിച്ചു.
സംവിധായകന്‍ അനീസിന്‍റെ അഞ്ചാമത്തെ ചിത്രമാണ് ‘പകൈവനുക്കു അരുള്‍വായ്‍’. ഷേക്സ്പിയറിന്‍റെ ദുരന്ത നാടകമായ ‘മാക്ബത്തി’ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ ആയിരുന്നു. ഷിമോഗയിലെ യഥാര്‍ഥ ജയിലിലടക്കമാണ് അടുത്ത ഷെഡ്യൂള്‍. ചിത്രീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. നാടകപ്രവര്‍ത്തകരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരുമൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.