ഹരിദാസ് കൊലപാതകം; ബിജെപി കണ്‍സിലറെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ലിജേഷിനെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രസംഗത്തിന്റെ പേരില്‍ കേസ് എടുക്കുകയാണെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്.

സിപിഐഎം നേതാക്കള്‍ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും കാരണമായത്. ലിജേഷിന്റെ ജനപ്രീതിയില്‍ വിറളിപൂണ്ട സിപിഐഎം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയാണ്. ബിജെപി മണ്ഡലം പ്രസിഡന്റാണ് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഡാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണ്. പൊലീസിനെ ഉപയോഗിച്ച് ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം തടയാമെന്നത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാസിസത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബഹുജനങ്ങളെ അണിനിരത്തി സിപിഐഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top