തര്‍ക്കം അയഞ്ഞു ; ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംവരണ പ്രക്ഷേഭ സമിതി നേതാവ് ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസുമായുണ്ടായ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അവസാനം.

തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കുമെന്നു കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായി ഹാര്‍ദിക് പറഞ്ഞു.

തങ്ങളുടെ പ്രധാന എതിരാളി ബിജെപിയാണെന്നും അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് മനസ്സിലാക്കിയിട്ടുണ്ടെന്നും, സംവരണം നല്‍കാമെന്ന് ഉറപ്പുനല്‍കിയെന്നും, തിരഞ്ഞെടുപ്പില്‍ സീറ്റു വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും, അടുത്ത രണ്ടര വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ഇല്ലെന്നും, അധികാരത്തിലെത്തി ഒരു മാസത്തിനകം പട്ടേല്‍ സംവരണത്തിന് ബില്‍ പാസാക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം ഉറപ്പുനല്‍കുകയും വേണമെന്നും, കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്ന് ഇതുവരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും ഹാര്‍ദിക് പറഞ്ഞു.

നേരത്തേ, കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്നും നീതി നടപ്പാക്കുമെന്ന് ഉറപ്പുള്ളവര്‍ക്കായിരിക്കണം വോട്ട് നല്‍കേണ്ടതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു.

അഹമ്മദാബാദിലെ ധോല്‍ക്കയില്‍ പട്ടേല്‍ സമുദായ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രകോപനപരമായ പ്രസംഗം.

‘നാലഞ്ചു സീറ്റുകള്‍ക്കുവേണ്ടി പട്ടേല്‍ സമുദായത്തിന്റെ 14 രക്തസാക്ഷികളെ മറക്കരുത്. ഒരു പാര്‍ട്ടികളോടും സീറ്റ് ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത പാര്‍ട്ടികളാണു ബിജെപിയും കോണ്‍ഗ്രസും. ആര്‍ക്കു വോട്ട് ചെയ്യണമെന്നു സമുദായത്തോട് ആവശ്യപ്പെടില്ല. നമ്മുടെ ഏക ലക്ഷ്യം സമുദായത്തിനെതിരായ അക്രമങ്ങളും അനീതിയും അവസാനിപ്പിക്കുക എന്നതാണ്’- ഹാര്‍ദിക് പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആദ്യപട്ടികയില്‍ 20 സീറ്റുകളാണു പട്ടേല്‍ സമുദായം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.

12 സീറ്റെങ്കിലും കിട്ടണമെന്നു വാശിപിടിച്ചു. 77 സീറ്റുകളുടെ ആദ്യപട്ടികയില്‍ പട്ടേല്‍ വിഭാഗത്തിന് 22 എണ്ണം നല്‍കി. പക്ഷേ അതില്‍ ഇരുപതും കോണ്‍ഗ്രസുകാരായ പട്ടേലുകളായിരുന്നു.

ഹാര്‍ദിക് പക്ഷത്തെ രണ്ടു പേര്‍ക്കു മാത്രമാണു സീറ്റ് ലഭിച്ചത്. ഇതോടെ ഇരുവിഭാഗവും അകന്നു. പിന്നീട് ആദ്യപട്ടിക വെട്ടിത്തിരുത്തി ഹാര്‍ദിക് അനുയായികള്‍ക്കു മൂന്നു സീറ്റ് കൂടി നല്‍കിയാണ് കോണ്‍ഗ്രസ് പട്ടേല്‍ വിഭാഗത്തെ വരുതിയിലാക്കിയത്.

Top