ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയുടെ പിന്നില്‍ ബാഹ്യ പ്രേരണയോ?

തിരുവനന്തപുരം: ഒന്‍പതു ദിവസം പിടിച്ചു നിന്ന ഡിവൈഎസ്പിയുടെ മരണത്തില്‍ പൊലീസും ആശയക്കുഴപ്പത്തില്‍. ഉന്നതരുടെ ബിനാമിയായ ഹരികുമാര്‍ തൂങ്ങിമരിച്ചത് സമ്മര്‍ദം താങ്ങാനാകാതെയാണ്.

ഡിവൈഎസ്പി ഹരികുമാറിനായി പൊലീസ് അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച ഘട്ടത്തില്‍ ഹരികുമാറിന്റെ ആത്മഹത്യ വാര്‍ത്ത പുറത്തു വന്നത് സേനയെ ഞെട്ടിച്ചു കളഞ്ഞു. ഹരികുമാറിനായി അന്വേഷണം നടത്തി വന്ന പൊലീസ് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. സമ്മര്‍ദ്ദത്തിലാഴ്ത്തി ഹരികുമാര്‍ കീഴടങ്ങാനായിരുന്നു പൊലീസ് ഈ നീക്കം നടത്തിയത്.

ഡിവൈഎസ്പിയുടെ വീട് ഉള്‍പ്പടെയുള്ളവ പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് വീട്ടിലെത്തി ഹരികുമാര്‍ ആത്മഹത്യ ചെയ്തതാണ് പൊലീസിനെ വീണ്ടും കുഴക്കുന്നത്. ഡിവൈഎസ്പിക്ക് തലസ്ഥാനത്തെ ഉന്നത ബിനാമി സംഘവുമായി ബന്ധമുണ്ടെന്ന കാര്യം സേനയ്ക്കുള്ളില്‍ തന്നെ പരസ്യമായ രഹസ്യമാണ്. നെയ്യാറ്റിന്‍കരയിലെ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാര്‍ വിവിധ സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടെ ഹോട്ടലുകളിലും മറ്റും മാറി താമസിച്ച് ഒളിവിലാണെന്നാണ് പൊലീസ് ധരിച്ചത്.

ഡിവൈഎസ്പിക്ക് സി.പി.എമ്മിലെ തന്നെ ഉന്നതരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരിന്നു. ഡിവൈഎസ്പി കീഴടങ്ങാന്‍ നീക്കം നടത്തുന്നതായും ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ പൊലീസ് അന്വേഷിക്കുന്ന വധക്കേസ് പ്രതി സ്വന്തം വീട്ടില്‍ തന്നെ ആത്മഹത്യ ചെയ്‌തെങ്കില്‍ അത് പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തുകയാണ്. ഇങ്ങനെ ഒരു കേസന്വേഷണം പൊലീസിന്റെ ചരിത്രത്തില്‍ തന്നെ ഇല്ലാത്തതാണ്. പൊലീസ് ഈ കേസില്‍ ഇതുവരെ അന്വേഷണം നടത്തിയെന്ന് പറയുന്നതിനിടെ വന്ന ഡിവൈഎസ്പിയുടെ ആത്മഹത്യ പൊതു സമൂഹത്തില്‍ തെറ്റിദ്ധരണയ്ക്ക് വഴിവെക്കുകയും ചെയ്യുമെന്ന് ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.

നിലവില്‍ ഈ സംഭവത്തില്‍ പ്രാദേശിക സി പി എം നേതൃത്വം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ പ്രതിരോധം തുറന്ന് കാട്ടപെടുന്നത് സര്‍ക്കാരിനു വിനയാകും.. ഡി.വൈ.എസ്.പി മരിച്ചതോടെ കേസുമായി ബന്ധപെട്ട അന്വേഷണം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങും. അപ്പോഴും ഡിവൈഎസ്പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യം പുറത്ത് വരില്ല. ഇങ്ങനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ പ്രതികളാകുന്ന കേസുകള്‍ എങ്ങുമെത്താതെ പോകുമ്പോള്‍ ഇരകളാകുന്നത് ആരാണ് നീതി നിഷേധിക്കപ്പെടുന്നത് ആര്‍ക്കാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് എന്തെങ്കിലും പറയാനുണ്ടായിരുന്നോ? ആത്മഹത്യയിലേക്ക് നയിച്ചത് പൊലീസിന്റെ അന്വേഷണം മാത്രമാണോ?.. അങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ ബാക്കിയുണ്ട്, ഒരു കൊലപാതകത്തിലും ആത്മഹത്യയിലും .

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top