തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലക്ക് എതിരെ മന്ത്രി ജി. സുധാകരന്‍.
നിര്‍മ്മാണത്തിനുളള കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതി നടന്നത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്.
രമേശ് ചെന്നിത്തല ഇതില്‍ നടത്തിയ ഇടപെടല്‍ മൂലം സര്‍ക്കാരിന് നാലരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ അനുമതി നല്‍കിയ ഹരിപ്പാട് മെഡിക്കല്‍ കോളെജിന്റെ കാര്യം പുനഃപരിശോധിക്കുമെന്ന് ഇന്നലെ ധനവകുപ്പ് മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ആലപ്പുഴ ജില്ലയില്‍ നിന്നുളള മറ്റൊരു മന്ത്രി കൂടിയായ സുധാകരനും രമേശിനെതിരെ ആരോപണവുമായി എത്തുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് 12.31 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതില്‍ അന്വേഷണം നടത്തി പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ഏല്‍പ്പിക്കണമെന്നും നേരത്തെ സുധാകരന്‍ നിര്‍ദേശിച്ചിരുന്നതാണ്.