തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
800 ഏക്കര്‍ ഏറ്റെടുത്തുവെന്നത് വാസ്തവ വിരുദ്ധമാണ്. മെഡിക്കല്‍ കോളജിന് ആവശ്യം 27 ഏക്കര്‍ മാത്രമാണ്. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടിക്കും സര്‍ക്കാരിനും പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
ഹരിപ്പാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ കോളജിന് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കാര്യം അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അറിയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഉയര്‍ന്ന തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതിലൂടെ സര്‍ക്കാരിന് 4.61 കോടി രൂപ നഷ്ടം വന്നു. വിജിലന്‍സ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നും ജി.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ ഹരിപ്പാട് വയനാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മ്മാണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പദ്ധതി ചെലവിന്റെ 1.90 ശതമാനത്തില്‍ കൂടുതല്‍ തുകയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ അടങ്കല്‍ തുകയുടെ 2.94% മുന്നോട്ടുവച്ച കമ്പനിക്കാണ് മുന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.
ജി.സുധാകരന്‍ മന്ത്രിയായി അധികാരമേറ്റ ഉടന്‍ പൊതുമരാമത്തിന്റെ കീഴിലെ ഈ കരാര്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു.