Harippad-chennithala-kerala-assembly-election

ആലപ്പുഴ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ഭീഷണി എ ഗ്രൂപ്പ്?

രണ്ടാം വട്ടം ഹരിപ്പാട് മത്സരത്തിനിറങ്ങുന്ന കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് കൂടിയായ ചെന്നിത്തലക്ക് ഇത്തവണത്തെ മത്സരം കടുപ്പമേറിയതാകുമെന്നാണ് സൂചന.

കഴിഞ്ഞ തവണ അയ്യായിരത്തോളം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച ചെന്നിത്തല ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ മുഖ്യമന്ത്രി പദമോഹവുമായാണ് ഇത്തവണ രംഗത്തിറങ്ങുന്നത്.

അതുകൊണ്ടു തന്നെ ചെന്നിത്തലയുടെ പരാജയം ഉറപ്പ് വരുത്താന്‍ എ ഗ്രൂപ്പ് രഹസ്യമായ കരുനീക്കം നടത്തുമെന്ന പ്രചരണം മണ്ഡലത്തില്‍ ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്.

ബാര്‍ കോഴ-സോളാര്‍ വിഷയങ്ങള്‍ ‘വഷളാകുവാന്‍’ കാരണം ആഭ്യന്തര വകുപ്പിന്റെ ചില ഇടപെടലുകള്‍ കൊണ്ടാണെന്ന് സംശയിക്കുന്ന എ ഗ്രൂപ്പ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയടക്കം ആരോപണങ്ങളില്‍ വലിച്ചിഴച്ചതും പ്രതിപക്ഷത്താല്‍ വിചാരണ ചെയ്യപ്പെട്ടതും ഒരിക്കലും പൊറുക്കില്ലെന്ന നിലപാടിലാണ്.

സര്‍ക്കാര്‍ മുള്‍മുനയില്‍ നില്‍ക്കെ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്ത് വന്ന രമേശ് ചെന്നിത്തലയുടേയും ഐ ഗ്രൂപ്പിന്റെയും നീക്കങ്ങളും എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരുന്നു.

ഭിന്നതകള്‍ മാറ്റിവെച്ച് ഇത്തവണ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബൂത്ത്തലം മുതല്‍ പ്രവര്‍ത്തനം നടത്തേണ്ട പ്രവര്‍ത്തകരുടെ മനസിലേറ്റ മുറിവ് ഇപ്പോഴും പൂര്‍ണ്ണമായി ഉണങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പുതുപ്പള്ളിയില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിലെ ഐഗ്രൂപ്പ് പാലം വലിച്ചാല്‍ പോലും പറ്റില്ലെങ്കിലും ചെന്നിത്തലയുടെ അവസ്ഥ അതല്ല. ഹരിപ്പാട് എ ഗ്രൂപ്പ് വിചാരിച്ചാല്‍ ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ കഴിയും.

ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന മികച്ച പ്രതിച്ഛായയും ഇപ്പോള്‍ അദ്ദേഹത്തിനില്ല.

മാത്രമല്ല തുടര്‍ച്ചയായി വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വിമര്‍ശനങ്ങളും വകുപ്പ് മന്ത്രിയെന്ന നിലയില്‍ ചെന്നിത്തലക്ക് വലിയ തിരിച്ചടിയാണ്.

ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടും ചെന്നിത്തലക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുമുണ്ട്.

താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി തകര്‍പ്പന്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാണ് ചെന്നിത്തലയുടെ ശ്രമം.

എന്‍എസ്എസിന്റെ മാത്രമല്ല എസ്എന്‍ഡിപി യോഗത്തിന്റെ പിന്‍തുണയും ഇതിനായി അദ്ദേഹം ഉറപ്പിച്ചിട്ടുണ്ട്.

ഇടതുമുന്നണിയില്‍ ഘടകകക്ഷിയായ സിപിഐ മത്സരിക്കുന്ന ഹരിപ്പാട് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാണ് ഇടതു നീക്കം.

കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരമാവധി മുതലെടുക്കാനാണ് അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിട്ടതടക്കം അടുത്ത കാലത്ത് ചെന്നിത്തല ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ക്ക് അനുകൂലമായി എടുത്ത തീരുമാനം ഹരിപ്പാട്ടെ ‘പാളയത്തിലെ പട’ മുന്നില്‍ കണ്ട് വര്‍ഗ്ഗീയ ശക്തികളുടെ പിന്‍തുണ തേടാനാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Top