ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ധനമന്ത്രി എന്ന നിലയ്ക്കാണ് ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതിയെ എതിര്‍ത്തത്.
പൊതുസ്വകാര്യ പങ്കാളിത്തമായതുകൊണ്ടല്ല പദ്ധതിയെ എതിര്‍ക്കുന്നത്. അതിന്റെ നിബന്ധനകളോടാണ് എതിര്‍പ്പ്. സംയുക്തസംരഭത്തിന്റെ മറവില്‍ പൊതുവിഭവം സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന ബിസിനസ് മോഡലാണ് ഹരിപ്പാട് മെഡിക്കല്‍കോളേജിന്റേതെന്നും തോമസ് ഐസക് പറഞ്ഞു.
2016-2017ലെ വാര്‍ഷിക പദ്ധതിയില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് രണ്ടു ചെലവു ശീര്‍ഷകങ്ങളിലായി 13 കോടി രൂപ മാത്രമാണ് മാറ്റി വച്ചിരിക്കുന്നത്. ഈ സ്വകാര്യ മെഡിക്കല്‍ കോളജിനു ഭൂമി ഏറ്റെടുക്കാന്‍ കൈമാറിയത് 15 കോടി രൂപയാണ്. നബാര്‍ഡ് വായ്പ എടുത്തു ആശുപത്രി പണിതു കൊടുക്കാനും പോകുന്നു. ഇതിന്റെ പാതിപണവും പാതി ശ്രദ്ധയും ഉണ്ടായിരുന്നെങ്കില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ഇന്ത്യയിലെ മികച്ച പൊതു ആരോഗ്യകേന്ദ്രമായി മാറുമായിരുന്നെന്നും ഐസക് പറഞ്ഞു.
ഫയല്‍ പഠിക്കാതെയാണ് മന്ത്രിമാര്‍ പ്രസ്താവനകള്‍ ഇറക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.