കോവിഡ്; സുപ്രീംകോടതി സ്വമേധയാ കേസെടുത്തതില്‍ നിന്ന് ഹരീഷ് സാല്‍വേ പിന്മാറി

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെ നിലവിലെ സ്ഥിതി മുന്‍നിര്‍ത്തി സുപ്രീംകോടതി സ്വമേധയാ കേസെടുത്തതില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്മാറി. കേസില്‍ സുപ്രീംകോടതിയെ സഹായിക്കാനായി നിയോഗിച്ച അമിക്കസ്‌ക്യൂറി പദവിയില്‍ നിന്നാണ് സാല്‍വേ പിന്മാറിയത്. കേസില്‍ നിന്ന് പിന്മാറാന്‍ സാല്‍വേ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു.

ഓക്‌സിജന്‍ ക്ഷാമം അടക്കം നിലവിലെ ദുഃസ്ഥിതി മുന്‍നിര്‍ത്തി സ്വമേധയാ കേസെടുത്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടത്. ഓക്‌സിജന്‍, കോവിഡ് പ്രതിരോധം, വാക്‌സിന്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാറിന് വ്യക്തമായ കര്‍മപദ്ധതി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ് രണ്ടാം തരംഗപ്പടര്‍ച്ച ദേശീയതല അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും നിയന്ത്രണത്തിന് സര്‍ക്കാര്‍ ദേശീയ പദ്ധതി ഉണ്ടാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Top