കോഴിക്കോട്: ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നിര്‍ദ്ദേശം ഹരിത തളളി. പരാതി പിന്‍വലിക്കുമെന്ന് വ്യക്തമാക്കി ലീഗ് നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും ഹരിത ഇത് പാലിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികളെന്ത് വേണമെന്ന കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയില്ലാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലാണ് ഹരിത.
ഫലത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം കഴിഞ്ഞയാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പ് പരിഹാസ്യമായി.
ഈ സാഹചര്യത്തില്‍ വിഷയം ഉടന്‍ ചേരാനിരിക്കുന്ന ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്യാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണ്.