ഉപവാസമിരിക്കുന്ന എംപിമാര്‍ക്ക് ചായയുമായി ഹരിവംശ് സിങ്, അഭിനന്ദനവുമായി മോദി

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പില്‍ ഏകദിന ഉപവാസമിരിക്കുന്ന എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് രാവിലെ ചായയുമായി എത്തി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്. കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരേ രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എം.പി.മാരാണ് പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നത്. ബില്‍ പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ തന്നോട് അക്രമാസക്തമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് ഒരു ദിവസം താനും ഉപവാസം അനുഷ്ഠിക്കുകയാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ അറിയിച്ചു.

രാജ്യസഭയില്‍ നിന്ന് തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ആരംഭിച്ചതാണ് കെ.കെ.രാഗേഷും എളമരം കരീമും അടക്കമുള്ള എംപിമാരുടെ ഉപവാസം. രാത്രി പുല്ലില്‍ പുതപ്പുവിരിച്ച് കിടന്നുറങ്ങി ഇവര്‍ പ്രതിഷേധിച്ചു.

ഇതിനിടയിലാണ് രാവിലെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഉപവാസമിരിക്കുന്ന എംപിമാരെ ചായയുമായി കാണാനെത്തിയത്. എന്നാല്‍ ഇതൊരു ഷോ ആണെന്നാണ് ഉപവാസമിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ പ്രതികരിച്ചത്. ‘രാജ്യസഭാ ഉപാധ്യക്ഷനെ ഞങ്ങള്‍ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഒറ്റയ്ക്കായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം മാധ്യമങ്ങളെ ഒപ്പം കൂട്ടി ഷോ കാണിക്കാനാണ് എത്തിയത്’ തൃണമൂല്‍ എംപി പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ എംപിമാരെ ചായയുമായി കാണാനെത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിവംശിനെ അഭിനന്ദിച്ചു. ഹരിവംശ് ജിയുടെ പ്രചോദനാത്മകമായ പെരുമാറ്റത്തില്‍ എല്ലാ ജനാധിപത്യ പ്രേമികളും അഭിമാനിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തന്നെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്ത് ഉപവാസമിരിക്കുന്നവര്‍ക്ക് ചായ വിളമ്പുന്നത് ഹരിവംശ്ജിയുടെ എളിയ മനസ്സും വലിയ ഹൃദയവുമാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ മഹത്വം അതിലൂടെ വെളിവാകുന്നു’മോദി ട്വീറ്റില്‍ കുറിച്ചു.

എംപിമാരായ എളമരം കരീം, രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഡെറിക് ഒബ്രിയന്‍, ഡോള സെന്‍, കോണ്‍ഗ്രസിന്റെ രാജീവ് സതവ്, സയ്യിദ് നാസിര്‍ ഹുസൈന്‍, റിപുന്‍ ബോറ, എ.എ.പി.യുടെ സഞ്ജയ് സിങ് എന്നിവരെയാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Top