hariyana ias officer asok goyal transfer to department

ചണ്ഡിഗഡ്: ഹരിയാന സര്‍ക്കാരിന്റെ ത്വരിത നടപടിയെ തുടര്‍ന്ന് മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ അശോക് കേംകയ്ക്ക് പുതിയ നിയമനം. മറ്റ് ഏഴ് ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് സ്ഥലമാറ്റവും നിയമനവും നല്‍കികൊണ്ടാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.

പുരാവസ്തു മ്യൂസിയം എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായി സേവനമനുഷ്ഠിക്കുന്ന കേംകയെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ധന്‍പത് സിംഗ് എന്ന ഉദ്യോഗസ്ഥന്റെ സ്ഥാനത്തേക്കാണ് കേംകയെ നിയമിച്ചിരിക്കുന്നത്.

നീണ്ട കാലതാമസത്തിനൊടുവിലാണ് ഇത് ചെയ്തിരിക്കുന്നത്. എന്നെ പോലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഒരാളുടെ നിയമനത്തിന് 99 ദിവസത്തെ താമസം. എന്നാണ് പുതിയ നിയമനത്തെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. 1991ലെ ഐ.എ.എസ് ബാച്ചിലുള്ള കേംകയെ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ജനുവരിയിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാന കയറ്റം നല്‍കിയത്. കഴിഞ്ഞ മൂന്നു മാസമായി പ്രോമോഷന്‍ നിയമനത്തിനു കാത്തിരിക്കുകയാണ്. ലെഫ്റ്റനന്റ് ജനറല്‍ ഒരു ബ്രിഗേഡിയറുടെ സ്ഥാനത്തു തുടരാന്‍ നിര്‍ബന്ധിതനാകുന്നത് പോലെ താഴ്ന്ന റാങ്കിലുള്ള പോസ്റ്റില്‍ തന്നെ തുടരുന്നത് നാണക്കേടാണെന്ന് കഴിഞ്ഞാഴ്ച അദ്ദേഹം പറഞ്ഞിരുന്നു.

ധന്‍പത് സിംഗിനെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ചിന്റെ അഡിഷണല്‍ ചീഫ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്.

Top