ഛണ്ഡിഗര്‍: സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടിയ ബിരുദ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മുഖ്യപ്രതി രാജസ്ഥാനില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനാണെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മൗനം വെടിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ എറ്റവും അധികം മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ അഭിനന്ദനം ലഭിച്ച വിദ്യാര്‍ത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്.
ബുധനാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ ഹരിയാനയിലെ മഹേന്ദര്‍ഗവില്‍ വച്ചാണ് സംഘം തട്ടിക്കൊണ്ടു പോയത്. നാല് പേരടങ്ങുന്നതായിരുന്നു സംഘം. ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ലഹരി പാനീയം നല്‍കി ഇവര്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണെന്നും മറ്റ് രണ്ട് പേര്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.