Harley-Davidson Rules Out Street 500 for India

എന്‍ട്രി ലവല്‍ മോഡലായ ‘സ്ട്രീറ്റ് 500’ ഇന്ത്യയിലെത്താന്‍ തല്‍ക്കാലം സാധ്യതയില്ലെന്ന് അമേരിക്കന്‍ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍. 2014ല്‍ വിപണിയിലെത്തിയ ‘സ്ട്രീറ്റ് 750’ ആണു നിലവില്‍ ഹാര്‍ലി ഡേവിഡ്‌സന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍.

നാലു ലക്ഷത്തോളം രൂപ വിലയ്ക്കാണു ഹാര്‍ലി ഡേവിഡ്‌സന്‍ ഇന്ത്യ ‘സ്ട്രീറ്റ് 750’ വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വില്‍പ്പന മെച്ചപ്പെടുത്താന്‍ ഇതിലും വില കുറഞ്ഞ ‘സ്ട്രീറ്റ് 500’ ഈ വിപണിയില്‍ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 2013ല്‍ മിലാനില്‍ നടന്ന ഇ ഐ സി എം എ ഷോയിലാണു ഹാര്‍ലി ഡേവിഡ്‌സന്‍ ‘സ്ട്രീറ്റ് 750’, ‘സ്ട്രീറ്റ് 500’ എന്നിവ അനാവരണം ചെയ്തത്.

‘സ്ട്രീറ്റ് 500’ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമല്ലെന്നാണ് ഹാര്‍ലി ഡേവിഡ്‌സന്‍ ഏഷ്യ പസഫിക് മാനേജിങ് ഡയറക്ടര്‍ മാര്‍ക് മക്അലിസ്റ്ററുടെ വിലയിരുത്തല്‍. മാത്രമല്ല, ‘സ്ട്രീറ്റ് 750’ ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഉപയോക്താക്കളെ ആകര്‍ഷിക്കാനും വില്‍പ്പന നേടാനും ‘സ്ട്രീറ്റ് 750’ പര്യാപ്തമാണെന്നിരിക്കെ ‘സ്ട്രീറ്റ് 500’ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കരുതുന്നു.

അതേസമയം ഇന്തൊനീഷയിലും ഓസ്‌ട്രേലിയയിലും വില്‍പ്പനയ്ക്കുള്ള ‘സ്ട്രീറ്റ് 500’ നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. എന്‍ജിന്‍ ശേഷി സംബന്ധിച്ച് ഈ രാജ്യങ്ങളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ പരിഗണിച്ചാണ് ഇന്തൊനീഷയിലും ഓസ്‌ട്രേലിയയിലും ‘സ്ട്രീറ്റ് 500’ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Top