ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോഡലായ ലൈവ്‌വെയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. അധികം വൈകാതെ ലൈവ്‌വെയര്‍ വിപണിയിലുമെത്തുമെന്നാണ് സൂചന. 29,799 ഡോളറാണ് (21.20 ലക്ഷം രൂപ) അമേരിക്കയില്‍ വാഹനത്തിന്റെ വില. ഇന്ത്യന്‍ മോഡലിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയിലായിരിക്കും കമ്പനി പുറത്തുവിടുക.

ഒറ്റചാര്‍ജില്‍ പരമാവധി 235 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ലൈവ്‌വെയറിന് സാധിക്കും. 15.5 kwh ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം, ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനത്തിലുമെത്തും. അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12.5 മണിക്കൂര്‍ സമയമെടുക്കും. 103 പിഎസ് പവറും 116 എന്‍.എം ടോര്‍ക്കും നല്‍കുന്ന ഓള്‍ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്.

ഹാര്‍ലിയുടെ തനത് കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്ട്രിക് ബൈക്കിന്റെയും ഡിസൈന്‍. ഗിയര്‍ലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്‌സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് കുതിക്കാം. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെഷന്‍. ടാങ്കിന് മുകളിലാണ് ലൈവ്‌വെയറിന്റെ ചാര്‍ജിങ് സോക്കറ്റ്. 17 ഇഞ്ചാണ് വീല്‍. മുന്നില്‍ 300 എം.എം ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 എം.എം ഡിസ്‌ക് ബ്രേക്കുമാണ്. ഇതിനൊപ്പം സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എ.ബി.എസ്, ഡ്രാഗ്- ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും ഇലക്ട്രിക് ലൈവ്വയറിലുണ്ട്. 249 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

മൂന്ന് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഹാര്‍ലിയുടെ ഇലക്ട്രിക് ബൈക്കിന് സാധിക്കും. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവ വാഹനത്തിലുണ്ട്. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് അറിയാന്‍ സാധിക്കും.

Top