Harley-Davidson Will Sell Electric Motorcycles

ബൈക്ക് പ്രേമികളുടെ മനസ്സില്‍ എന്നും ഒരു ഇടിമുഴക്കമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ ഉടമയാണെന്ന് പറയാന്‍ കൊതിക്കാത്ത യുവാക്കളുണ്ടാവില്ല.

2014ല്‍ കമ്പനി ഒരു വാഗ്ദാനം നല്‍കിയിരുന്നു. ആ വാദ്ഗാനത്തിലേക്ക് അവര്‍ അതിദ്രുതം എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കുമെന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് ഹാര്‍ലി ഡേവിഡ്‌സണ്‍ നല്‍കിയ വാഗ്ദാനം.

കമ്പനിയുടെ ഗ്ലോബല്‍ ഡിമാന്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് സീന്‍ കമ്മിംഗ്‌സ് മില്‍വാക്കി ബിസിനസ്സ് ജേണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ലൈവ് വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ആശയമാണ് കമ്പനിക്കുള്ളത്.

പറഞ്ഞ വാക്കുപാലിക്കാനായി അശ്രാന്ത പരിശ്രമത്തിലാണ് കമ്പനി. ആഗോളവിപണിയിലെ ഒരു പ്രമുഖ കമ്പനി വൈദ്യുത ബൈക്കുമായി എത്തുന്നു എന്നത് തന്നെയാണ് ഇതിലെ കൗതുകം.

ടെസ്‌ല മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ് എന്നിവ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ ഇപ്പോഴുണ്ടെങ്കിലും ആ ശ്രേണിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ എത്തുന്നതോടെ മല്‍സരം കടുക്കുമെന്നുറപ്പാണ്.

മികച്ച പ്രവര്‍ത്തനക്ഷമതയുള്ള വൈദ്യുത ബാക്കുകള്‍ നിര്‍മിക്കുക എന്ന ഉദ്ദേശത്തോടെ ഹാര്‍ലി ഡേവിഡ്‌സണെ സഹായിക്കാനായി 2007ല്‍ മിഷന്‍ മാഴ്‌സ് എന്ന അമേരിക്കന്‍ കമ്പനി രംഗത്തെത്തിയിരുന്നു.

പക്ഷേചില സാങ്കേതിക കാരണങ്ങളാല്‍ അധികകാലം ആ കൂട്ടുകെട്ട് നീണ്ടുപോയില്ല എന്നു മാത്രമല്ല അമേരിക്കന്‍ കമ്പനി അടച്ചുപൂട്ടുകയും ചെയ്തു.

74 കുതിരശക്തിയും പരമാവധി 71 എന്‍എം ടോര്‍ക്കുമുള്ള വൈദ്യുത മോട്ടോറാണ് ബൈക്കിന് കരുത്തേകുക. വെറും നാല് സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനത്തിന് കുതിക്കാനാവും.

കാസ്റ്റ് അലൂമിനിയം ഫ്രെയിം, സ്വിന്‍ഗ്രാം, എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, ടി.എഫ്.ടി ഡാഷ് ബോര്‍ഡ് എന്നിവയും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്. മുന്‍ ടയറിന് 18 ഇഞ്ചും പിന്നിലെ ടയറിന് 17 ഇഞ്ചുമാണുള്ളത്.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്: ദ ഏജ് ഓഫ് അള്‍ട്രണ്‍ എന്ന ചിത്രത്തിന്റെ ഒരു രംഗത്തില്‍ ഹാര്‍ലി ഡേവിസണിന്റെ ലൈവ് വയര്‍ ഇലക്ട്രിക് ബൈക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്.

Top