ഇന്ത്യന്‍ വിപണി കീഴടക്കി ഹാര്‍ലി ഡേവിഡ്‌സണ്‍

2009 മുതല്‍ തന്നെ ഹാര്‍ലിക്ക് ഇന്ത്യയില്‍ മാന്യമായ ആരാധകവൃന്തമുണ്ട്. ഇത് വര്‍ധിപ്പിക്കാനായി ഇന്ത്യയിലെ ഇരുചക്ര വാഹന ഭീമന്മാരായ ഹീറോ മോട്ടോ കോര്‍പ്പുമായി ഹാര്‍ലി കൈകോര്‍ത്തിരുന്നു. ഈ വ്യവസായ ചങ്ങാത്തവും കമ്പനിക്ക് 1000 സിസി വാഹനങ്ങളുടെ വില്‍പനയില്‍ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് ഇന്ത്യയില്‍ വില്‍പന നടത്തുന്ന പ്രീമിയം മോട്ടാര്‍സൈക്കിളുകളുടെ എണ്ണം മൂന്നക്കത്തിലാണ് പരിഗണിക്കുക. കൊവിഡ് പ്രതിസന്ധിക്കിടയിലും ഹാര്‍ലി ഇന്ത്യയില്‍ 601 മോട്ടോര്‍സൈക്കിളുകള്‍ വില്‍പന നടത്തിയെന്നാണ് കണക്കുകള്‍. ഇതില്‍ വലിയൊരു ഭാഗവും (531 യൂണിറ്റുകള്‍) പാന്‍ അമേരിക്ക 1250 സ്‌പെഷ്യല്‍ പോലുള്ള 1000 സിസിക്ക് മുകളിലുള്ള വാഹനങ്ങളാണെന്നും കാണാം. 2021 ന്റെ ആദ്യ പാദത്തില്‍ 206 വാഹനങ്ങളുമായി 26 ശതമാനം വളര്‍ച്ച മാത്രമുണ്ടായിരുന്ന കമ്പനി ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 37 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

പ്രീമിയം വാഹനങ്ങളില്‍ ഹാര്‍ലിയുടെ എതിരാളികളായ ട്രയംഫ് 336 യൂണിറ്റുകളും, കാവസാക്കി 283 വാഹനങ്ങളും, ഹോണ്ട കേവലം 71 യൂണിറ്റുകളുമാണ് ഇന്ത്യയില്‍ ഇതേസമയം വില്‍പന നടത്തിയിരിക്കുന്നത്. ഹീറോ മോട്ടോ കോര്‍പ്പുമായുള്ള പങ്കാളിത്തത്തോടെ ഹാര്‍ലിക്ക് ഇന്ത്യയില്‍ നിലവില്‍ പ്രീമിയം വാഹനങ്ങളുടേതായി 13 ഡിലര്‍ഷിപ്പുകളാണുള്ളത്. അതേസമയം പാന്‍ അമേരിക്ക 1250 സ്‌പെഷ്യലാണ് ഹാര്‍ലിക്ക് വിപണി പിടിച്ചുകൊടുത്തതെന്നും വിലയിരുത്തുന്നു.

ഹാര്‍ലി അടുത്തിടെ 2022 നൈറ്റ്സ്റ്റര്‍ അവതരിപ്പിച്ചിരുന്നു. 975 സിസിയില്‍ മാക്‌സ് വി ട്വിന്‍ എഞ്ചിനുകളിലെത്തിയ വാഹനം അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും. ബജറ്റിനനുസരിച്ച് യുക്തിപൂര്‍വം വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ മാര്‍ക്കറ്റ് കയ്യടക്കാന്‍ 500 സിസിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ആദ്യ ചുവടെന്നോണം ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ എസ് കമ്പനി അവതരിപ്പിച്ചിരുന്നു.

Top