ഫോക്‌സ്‌വാഗണില്‍ നിന്ന് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായി അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍.
മലിനീകരണ വിവാദത്തില്‍ നിന്ന് ഒഴിയുന്നതിനായി വന്‍ തുക കണ്ടെത്താനാണ് ഡൂക്കാട്ടിയെ വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഒരുങ്ങുന്നത്.
ഹീറോയും ബജാജ് ഓട്ടോയും ഡുക്കാട്ടിയെ ഏറ്റെടുത്തേക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ 1.67 ബില്ല്യന്‍ ഡോളര്‍ നല്‍കി ഹാര്‍ലി ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നത്.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴില്‍ ഔഡിയുടെ നിയന്ത്രണത്തിലാണ് നിലവില്‍ ഡുക്കാട്ടിയിപ്പോള്‍. കഴിഞ്ഞ വര്‍ഷം 593 മില്യണ്‍ യൂറോ വരുമാനം നേടിയ ഡുക്കാട്ടി ബ്രാന്‍ഡ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക എവര്‍കോര്‍ എന്ന ബാങ്കിങ് സ്ഥാപനത്തില്‍ നിക്ഷേപിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
55,000 ഡുക്കാട്ടി മോട്ടോര്‍സൈക്കിളുകളാണ് വിവിധ രാജ്യങ്ങളിലായി പോയവര്‍ഷം വിറ്റഴിച്ചത്.
വാഹന മലിനീകരണം കണ്ടെത്തുന്നതിനുള്ള പരിശോധനകളില്‍ അധികൃതരെ കബളിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ചില ഡീസല്‍ വാഹനങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ സ്ഥാപിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2.8 ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ അധികൃതര്‍ പിഴ ചുമത്തിയിരുന്നു.