പരിസ്ഥിതിക്ക് ദോഷം; സ്വകാര്യ ജെറ്റ് വിൽക്കാൻ തീരുമാനിച്ച് കോടീശ്വരൻ

ന്യൂയോർക്ക്: സ്വകാര്യ ജെറ്റ് വിൽക്കാൻ തീരുമാനിച്ച് കോടീശ്വരൻ. പാട്രിയോട്ടിക് മില്യണയേഴ്‌സിന്റെ വൈസ് ചെയർമാൻ സ്റ്റീഫൻ പ്രിൻസാണ് തന്റെ സ്വകാര്യ ജെറ്റായ സെസ്ന 650 സിറ്റേഷൻ വിൽക്കുന്ന കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ ജെറ്റിന്റെ കാർബൺ ബഹിർ​ഗമനം വളരെക്കൂടുതലാണെന്നും സ്വകാര്യജെറ്റ് ഉപയോ​ഗം പരിസ്ഥിതിക്ക് ദോഷമാണെന്നുമുള്ള തിരിച്ചറിവുണ്ടായതിനെ തുടർന്നാണ് വിമാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം, ലോംഗ് റേഞ്ച് കോർപ്പറേറ്റ് ജെറ്റായിരുന്നു സ്റ്റീഫൻ പ്രിൻസിന് സ്വന്തമായുണ്ടായിരുന്നത്.

പരിസ്ഥിതിയോടും ഭാവി തലമുറകളോടും ചെയ്യുന്ന തെറ്റിനെ അവഗണിക്കാൻ ഇത്രയും കാലം കഴിഞ്ഞുവെന്ന വസ്തുത തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു. ഇനി ഇത് തുടരാനാകില്ല. യാത്ര ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ് സ്വകാര്യ ജെറ്റ്. പക്ഷെ ഞാൻ അത് ഉപേക്ഷിക്കുകയാണ്. ഇനി സാധാരണ വിമാനത്തിലായിരിക്കും യാത്ര. ഈ വർഷം മാർച്ചിലാണ് സ്വകാര്യ ജെറ്റ് ഉപേക്ഷിക്കുമെന്ന തീരുമാനമെടുത്തത്. ഞാൻ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഉപയോ​ഗിക്കുന്ന വിമാനത്തിന് മുമ്പ് ആറ് പ്രൈവറ്റ് ജെറ്റുകളാണ് ഇദ്ദേഹം ഉപയോ​ഗിച്ചത്. ഏറ്റവും വിലകൂടിയ ജെറ്റാണ് ഇപ്പോൾ ഉപയോ​ഗിക്കുന്ന സിറ്റേഷൻ. നടത്തിപ്പിനായി മാത്രം പ്രതിവർഷം 275,000 ഡോളർ മുതൽ 300,000 വരെ ചെലവാക്കണം.

എന്റെ പ്രിയപ്പെട്ട വിമാനം വിൽക്കുകയാണ്. 10 ലക്ഷം ഡോളറാണ് വിമാനത്തിന്റെ ഇപ്പോഴത്തെ മൂല്യം. വേഗത്തിൽ വാങ്ങുന്നയാളെ കണ്ടെത്തണമെന്നും സ്റ്റീഫൻ പ്രിൻസ് പറഞ്ഞു. അതേസമയം, സ്വകാര്യ യാത്ര പൂർണമാ‌യും ഉപേക്ഷിക്കാനാകില്ല. അതിനായി സുഹൃത്തിന്റെ ചെറിയ വിമാനം വാടകക്കെടുക്കും. സെസ്നയുടെ നാലിലൊന്ന് ഇന്ധനം മതി ഈ ചെറുവിമാനത്തിന്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ അതിന്റെ ഉപയോ​ഗമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് കോടീശ്വരന്മാരെ അവരുടെ ജെറ്റുകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് തന്റെ കടമയല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസിലെ സമ്പന്നർ കൂടുതൽ നികുതി നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആഗോള പ്രൈവറ്റ് ജെറ്റ് സർവീസ് ഇരട്ടിയിലധികം വർധിച്ചു. റിപ്പോർട്ട് അനുസരിച്ച്, സ്വകാര്യ വിമാനങ്ങളിലെ ഓരോ യാത്രക്കാരനും വാണിജ്യ വിമാനങ്ങളേക്കാൾ 10 മടങ്ങ് കൂടുതൽ മലിനീകരണം പുറന്തള്ളുന്നു. അതേസമയം, ഏവിയേഷൻ മേഖലയിലെ നികുതിയുടെ 2% മാത്രമാണ് സ്വകാര്യ ജെറ്റ് മേഖല സംഭാവന ചെയ്യുന്നത്.

Top