ദുബായ്: കഴിഞ്ഞ വർഷത്തെ ഐസിസി വനിതാ ഏകദിന ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ. 11 അംഗ ടീമിൽ സ്മൃതി മന്ഥാന, ഹർമൻപ്രീത കൗർ, രേണുക സിംഗ് എന്നിവരാണ് ഇടം നേടിയത്. ഹർമൻപ്രീത് തന്നെയാണ് ടീമിനെ നയിക്കുന്നതും. മൂന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ടീമിൽ ഇടം പിടിച്ചു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളിൽ നിന്ന് രണ്ട് താരങ്ങൾ വീതം ടീമിലിടം നേടി. ന്യൂസിലൻഡിന്റെ ഒരു താരവും ഐസിസിയുടെ ടീമിലെത്തി. പാകിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകളിൽ നിന്ന് ഒരാൾക്കും ടീമിലെത്താൻ സാധിച്ചില്ല.
നേരത്തെ ടി20 ടീമിലും ഉൾപ്പെട്ട താരമാണ് മന്ഥാന. കഴിഞ്ഞ വർഷം ഒരു സെഞ്ചുറിയും ആറ് അർധ സെഞ്ചുറികളും മന്ഥാന നേടിയിരുന്നു. ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നേടിയ 123 റൺസാണ് ഉയർന്ന സ്‌കോർ. ഹർമൻപ്രീത് രണ്ട് സെഞ്ചുറികളും അഞ്ച് അർധ സെഞ്ചുറികളുമാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ നേടിയ 143 റൺസാണ് മികച്ച സ്‌കോർ. അഞ്ച് വിക്കറ്റുകൾ വീഴ്ത്താനും ഹർമനായിരുന്നു. പുത്തൻതാരം രേണുക സിംഗ് ടീമിലെത്തി. കഴിഞ്ഞ വർഷം 18 വിക്കറ്റാണ് രേണുക വീഴ്ത്തിയത്. 28 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.