ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ രമേഷ് പവാറിനെ വീണ്ടും പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ബിസിസിഐയ്ക്ക് കത്തയച്ചു. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കാതിരുന്നതാണ് വിവാദം പുറത്തുവരാന്‍ ഇടയാക്കിയത്. പരിശീലകന്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും അവഗണിച്ചെന്നും മിതാലി ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
രമേഷ് പവാറിന്റെ കാലാവധി അവസാനിച്ചശേഷം പുതിയ പരിശീലകനായി ബിസിസിഐ അപേക്ഷ ക്ഷണിച്ച ഘട്ടത്തിലാണ് പവാറിനെ വീണ്ടും നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്ത ലോകകപ്പിന് 15 മാസം മാത്രമേ ബാക്കിയുള്ളൂ എന്നും ന്യൂസിലന്‍ഡ് പര്യടനത്തിനായി ടീം ഒരുങ്ങുകയാണെന്നും ഹര്‍മന്‍പ്രീത് പറയുന്നു.
ഇത്തരമൊരു അവസരത്തില്‍ പവാറിനെ മാറ്റുന്നത് ടീമിനെ ബാധിച്ചേക്കും. കളിക്കാരെ പ്രചോദിപ്പിക്കാനും അവരുടെ കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടുവരാനും രമേഷ് പവാറിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ പുതിയ പരിശീലകന്‍ മാറ്റി. ജയം ശീലമാക്കുന്ന ടീമായി മാറ്റാന്‍ പവാറിന് കഴിയുമെന്നും ഹര്‍മന്‍പ്രീത് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.