ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഹംരോ സിക്കിം എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.
ഹംരോ സിക്കിമിനെ സിക്കിമിലെ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് ബൂട്ടിയ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഹംരോ സിക്കിമില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് യുവജനങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്കായി ഒരു പാട് കാര്യങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടായിരിക്കുമെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി.
സ്വന്തം സംസ്ഥാനത്തെ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ പോരാടുമെന്നും 20 വര്‍ഷംകൊണ്ട് ഫുട്ബോളിലൂടെ താന്‍ നേടിയെടുത്ത സല്‍പ്പേര് രാഷ്ട്രീയത്തിന്റെ പേരില്‍ താന്‍ നശിപ്പിക്കില്ലെന്നും ബൂട്ടിയ കൂട്ടിച്ചേര്‍ത്തു
തൃണമൂല്‍ കോണ്‍ഗ്രസുമായി വഴി പിരിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം ബൂട്ടിയ ഔദ്യോഗികമായി അറിയിച്ചത്. ഫുട്ബോള്‍ കളിയില്‍ നിന്നും വിരമിച്ച ശേഷം 2013 ല്‍ ബൂട്ടിയ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഫെബ്രുവരില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജീലിങ് മണ്ഡലത്തില്‍ നിന്നും ബൂട്ടിയ ജനവിധി തേടിയിരുന്നുവെങ്കിലും കേന്ദ്രമന്ത്രിയും എം.പിയുമായ എസ്.എസ് അലുവാലിയയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് 2016-ല്‍ സിലിഗുഡി മണ്ഡലത്തില്‍ മത്സരിച്ച ബൂട്ടിയ സിപിഎമ്മിലെ അശോക് ഭട്ടാചാര്യയോടു 14,072 വോട്ടിന് തോല്‍ക്കുകയായിരുന്നു. ഈയടുത്ത് ബംഗാളില്‍ നടന്ന ഗൂര്‍ഖാലാന്റ് പ്രക്ഷോഭത്തോടെയാണ് ബൂട്ടിയ രാഷ്ട്രീയ നയം മാറ്റിയത്.