തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് നിയമോപദേശം. വിറ്റ തോട്ടങ്ങളുടെ നികുതി ഉപാധികളോടെ സ്വീകരിച്ചാല്‍ മതി. നിയമ സെക്രട്ടറിയാണ് നിയമോപദേശം നല്‍കിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പുതിയ നിയമോപദേശം.
ഹാരിസണില്‍ നിന്ന് കരം ഈടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി നേരത്തെ പറഞ്ഞിരിന്നു. സെക്രട്ടറിമാരുടെ നിര്‍ദ്ദേശമല്ല, കോടതി വിധിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കേസ് നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഹാരിസണ്‍ കേസില്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിച്ചു മാത്രമേ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂവെന്നാണ് റവന്യൂ മന്ത്രി നേരത്തെ നിയമസഭയെ അറിയിച്ചത്.
ഹാരിസണ്‍ കമ്പനിയുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് 6 റിപ്പോര്‍ട്ടുകളും, 25 ല്‍ പരം കോടതി വിധികളും ഉണ്ടായിട്ടും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഹാരിസണില്‍നിന്ന് കരം സ്വീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും, ഇത് സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
ഹാരിസണ്‍ മലയാളം കേസില്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിലപാട് ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി.
ഹാരിസണ്‍ മലയാളത്തിന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വലിയ വിമര്‍ശനത്തോടെയാണ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നത്.
ഭൂമിയേറ്റെടുക്കാനായി ഭൂപരിഷ്‌കരണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ നിരത്തിയ കാരണങ്ങള്‍ കേരള ഹൈക്കോടതി വിശദമായി പരിശോധിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് പോലും കടക്കാതെ സുപ്രീംകോടതിയും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയായിരുന്നു.
സ്‌പെഷ്യല്‍ ഓഫീസറല്ല, സിവില്‍ കോടതികളാണ് ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കേണ്ടതെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. അത് സുപ്രീംകോടതി ശരി വക്കുകയായിരുന്നു.