ഹാരിസണ്‍ ഭൂമിയേറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാരിസണ്‍ മലയാളത്തിന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയാണ് പാട്ടകരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്തത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ വഴി ഭൂമി ഏറ്റെടുത്ത നടപടി വലിയ വിമര്‍ശനത്തോടെയായിരുന്നു റദ്ദാക്കല്‍.

സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ,കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ട്. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെയാണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഹാരിസണ്‍ മലയാളം അധികൃതര്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലര്‍ക്കും വിറ്റെന്നും ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

Top