കഴിഞ്ഞ മാസമാണ് തന്റെ അമ്മുമ്മയെ തനിക്ക് നഷ്ടമായത്;പിന്മാറ്റത്തിന് വിശദീകരണവുമായി ഹാരി ബ്രൂക്ക്

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ഹാരി ബ്രൂക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ബ്രൂക്ക്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം കളിച്ചിരുന്നില്ല. ബ്രൂക്ക് ഉള്‍പ്പടെ മൂന്ന് ഇംഗ്ലീഷ് താരങ്ങളാണ് സീസണില്‍ ഐപിഎല്‍ ഒഴിവാക്കിയത്. താരങ്ങളുടെ പെട്ടന്നുള്ള പിന്മാറ്റത്തില്‍ വിമര്‍ശനവുമായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് മധ്യനിര ബാറ്റര്‍.

താന്‍ നാട്ടിലുള്ളപ്പോള്‍ അമ്മൂമ്മയെ കാണാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. താന്‍ ക്രിക്കറ്റ് കളിക്കുന്നത് അവര്‍ ഇഷ്ടപ്പെട്ടിരുന്നു. തന്റെ അമ്മൂമ്മ രോഗബാധിത ആയതോടെ ഇന്ത്യന്‍ പര്യടനം ഒഴിവാക്കാന്‍ താന്‍ തീരുമാനിച്ചു. ഇപ്പോള്‍ അവരെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആ ഓര്‍മ്മകളില്‍ നിന്ന് തനിക്ക് മോചിതനാകേണ്ടതുണ്ട്. താന്‍ ഒരു ചെറുപ്പക്കാരനാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയാണ് താന്‍. ശക്തമായ തിരിച്ചുവരവിനാണ് താന്‍ ഇപ്പോള്‍ ഇടവേളയെടുക്കുന്നത്. തനിക്ക് പിന്തുണ നല്‍കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും ഡല്‍ഹി ക്യാപിറ്റല്‍സിനും നന്ദി പറയുന്നുവെന്നും ബ്രൂക്ക് വ്യക്തമാക്കി.

ഐപിഎല്‍ ഒഴിവാക്കിയത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ഇതിന് പിന്നില്‍ വ്യക്തിപരമായ കാരണമായിരുന്നു. അത് പുറത്ത് പറയേണ്ടി വരുമെന്ന് കരുതിയില്ല. എന്നാല്‍ ഒരുപാട് പേര്‍ തന്നോട് ഐപിഎല്‍ ഒഴിവാക്കിയതിന് കാരണം ചോദിച്ചു. കഴിഞ്ഞ മാസമാണ് തന്റെ അമ്മുമ്മയെ തനിക്ക് നഷ്ടമായത്. തന്റെ കുട്ടിക്കാലം അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു. താന്‍ ക്രിക്കറ്റ് ഇഷ്ടപ്പെടാന്‍ കാരണം കുട്ടിക്കാലം ആയിരുന്നുവെന്നും ബ്രൂക്ക് പറഞ്ഞു.

Top