ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് പിന്മാറിഹാരി ബ്രൂക്ക്; പകരക്കാരന്‍ ഡാന്‍ ലോറന്‍സ്

ന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് മടക്കം. 24-കാരനായ ബ്രൂക്ക് ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും അഞ്ചു ടെസ്റ്റുകളടങ്ങുന്ന പരമ്പരയ്ക്കായി പിന്നീട് തിരിച്ചെത്തില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഞായറാഴ്ച അറിയിച്ചു. ജനുവരി 25-ന് ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഓള്‍റൗണ്ടര്‍ ഡാന്‍ ലോറന്‍സിനെ ബ്രൂക്കിന് പകരക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോറന്‍സ് തിങ്കളാഴ്ച ടീമിനൊപ്പം ചേരും.

ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായി അബുദബിയില്‍ നടന്നുവരുന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക പരിശീലന ക്യാമ്പിന്റെ ഭാഗമായിരുന്നു ബ്രൂക്ക്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഇംഗ്ലണ്ട് ടീം യുഎഇയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സും കോച്ച് ബ്രെണ്ടന്‍ മക്കല്ലവും നടപ്പിലാക്കിയ ബാസ്‌ബോള്‍ ശൈലിയുടെ പ്രധാന ഭാഗമായിരുന്നു വെടിക്കെട്ട് ബാറ്ററായ ബ്രൂക്ക്. മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന താരത്തിന്റെ അഭാവം ഇംഗ്ലീഷ് ടീമിന് തിരിച്ചടിയാകും. 12 ടെസ്റ്റില്‍ നിന്ന് 62.15 ശരാശരിയില്‍ നാല് സെഞ്ചുറികളടക്കം 1181 റണ്‍സ് നേടിയ താരമാണ് ബ്രൂക്ക്.

അതേസമയം ബ്രൂക്കിന്റെ പകരക്കാരന്‍ ഡാന്‍ ലോറന്‍സ് 2021-ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നു. അന്ന് പരമ്പരയിലെ നാല് ടെസ്റ്റുകളില്‍ രണ്ട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

Top