മഹുവക്കെതിരെ കടുത്ത നടപടി; ലോക് സഭ എത്തിക്‌സ് കമ്മറ്റി അന്തിമ റിപ്പോര്‍ട്ടിന് ഇന്ന് അംഗീകാരം നല്‍കും

ഡല്‍ഹി: തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രക്കെതിരായ ചോദ്യക്കോഴ ആരോപണത്തില്‍ ലോക് സഭ എത്തിക്‌സ് കമ്മറ്റി ഇന്ന് അന്തിമ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും. മഹുവക്കെതിരെ കടുത്ത നടപടിക്ക് എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നാണ് സൂചന. മഹുവയെ എംപിയായി തുടരാന്‍ അനുവദിക്കരുത് എന്നും അംഗത്വത്തില്‍ നിന്നും അയോഗ്യ ആക്കണമെന്ന് ശുപാര്‍ശയുണ്ടെന്നാണ് വിവരം.

മഹുവ മൊയ്ത്രയുടെ നടപടികള്‍ പ്രതിഷേധാര്‍ഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ് എന്ന് 500 പേജുള്ള എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഹുവക്കെതിരെ നിയമപരവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും ശുപാര്‍ശ ചെയ്യുമെന്നാണ് കമ്മറ്റി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. മഹുവ മൊയ്ത്ര കോഴ കൈപ്പറ്റി എന്നും അന്വേഷണവുമായി സഹകരിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. മഹുവ മൊയ്ത്ര വൈകിട്ട് നാലിന് സമിതിക്ക് മുന്നില്‍ ഹാജരായേക്കും.

ചോദ്യക്കോഴ വിവാദം ഉന്നയിച്ച് തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു.

Top