ദൈവത്തിന്റെ ഇടപെടലിന് കാത്തിരിക്കുകയല്ല; 2021ല്‍ വാക്‌സിന്‍ എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡിനെതിരായ വാക്‌സിന്‍ എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. കേന്ദ്രം കൊവിഡിനെതിരായ ദൈവത്തിന്റെ ഇടപെടലിന് വേണ്ടി കാത്തിരിക്കുകയല്ലെന്നും പരിഹാരം കണ്ടെത്താനുള്ള കഠിന പ്രയത്‌നത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

എപിഡെമിക് ഡിസീസസ് അമെന്‍ഡ്‌മെന്റ് ബില്‍ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം പിന്നിട്ടിട്ടും കേന്ദ്രം ദൈവത്തിന്റെ ഇടപെടലിനായി കാക്കുകയാണെന്നായിരുന്നു പാര്‍ലമെന്റില്‍ ഉയര്‍ന്ന വിമര്‍ശനം.

ലക്ഷക്കണക്കിന് മുന്‍നിര പോരാളികളുടെ സഹായത്താല്‍ കേന്ദ്രം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുകയാണ്. കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും കേന്ദ്രമന്ത്രി മറന്നില്ല. കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരായ അക്രമം ചെറുക്കുന്നതിനാണ് എപിഡെമിക് ഡിസീസസ് അമെന്‍ഡ്‌മെന്റ് ബില്‍ സഹായിക്കുക.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഇത്തരം കേസുകളില്‍ പിഴ ഈടാക്കുക.

Top