പത്തനാപുരത്ത് ഇന്ന് ഹർത്താൽ

കൊല്ലം : കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും കോൺഗ്രസും തുറന്ന പോരിലേക്ക്. പത്തനാപുരം പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കും. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വസതിയിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. പിന്നാലെ വൈകിട്ട് ചവറയിൽ എംഎൽഎയുടെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു.വാഹനം തടയാൻ ശ്രമിച്ചവരെ ഗണേഷ്കുമാറിന്റെ പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവർ മർദിച്ചു.

കല്ലെറിഞ്ഞ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി.ഗണേഷ്കുമാറിനെതിരെ പത്തനാപുരം കോക്കാട്ട് വെള്ളിയാഴ്ച പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും എംഎൽഎ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാവിലെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിലാണു സംഘർഷമുണ്ടായത്.

Top