സംഘപരിവാർ ഹർത്താലിനെതിരെ കട തുറപ്പിച്ച സി.പി.എമ്മിനും ‘പണി’യായി

സ്ത്രീപ്രവേശനം സംബന്ധിച്ച് നടന്ന ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ പൊളിക്കാന്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കിയ സി.പി.എമ്മിന് ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പണികൊടുത്തു. കടകള്‍ അടയക്കണമെന്നാവശ്യപ്പെട്ട സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകരെ, സംഘടിച്ച് എതിര്‍ത്താണ് വ്യാപാരികള്‍ തുരത്തിയത്.

ഹര്‍ത്താലില്‍ ബൈക്ക് റാലിയുമായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അടിച്ചോടിച്ച ചങ്ങരംകുളത്ത് രാവിലെ കട അടപ്പിക്കാനെത്തിയ സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകരെയും വ്യാപാരികള്‍ മടക്കി അയച്ചു. മഞ്ചേരിയിലും വ്യാപാരികള്‍ ഒറ്റക്കെട്ടായാണ് കടകളടയ്ക്കാനുള്ള നീക്കത്തെ ചെറുത്തത്.

കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കാനുള്ള ശ്രമമാണ് മഞ്ചേരിയില്‍ സംഘര്‍ഷത്തിനിടയാക്കിയത്. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തുണിക്കട നിര്‍ബന്ധിച്ച് അടപ്പിക്കാന്‍, പണിമുടക്കിയ തൊഴിലാളി സംഘടനാനേതാക്കളും അണികളുമെത്തി.

കടയുടെ ഒരു ഷട്ടര്‍ പണിമുടക്ക് അനുകൂലികള്‍ താഴ്ത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വ്യാപാരികളും സംഘടിച്ചെത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ നേര്‍ക്ക് നേര്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ തുരത്തിയത്.

hartal

സംഘര്‍ഷം ഉണ്ടായ സമയത്ത് കുറച്ച് പൊലീസ് മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. 12 മണിയോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അറിയിച്ചതോടെയാണ് പണിമുടക്കുകാര്‍ പിരിഞ്ഞുപോയത്. തുടര്‍ന്ന് മഞ്ചേരിയില്‍ പ്രതിഷേധിക്കാര്‍ നിര്‍ബന്ധിച്ച് അടപ്പിച്ച കടകളെല്ലാം തുറന്ന് പ്രവര്‍ത്തിച്ചു. മലപ്പുറം എസ്പി പ്രതീഷ്‌കുമാര്‍, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

കോഴിക്കോട് മിഠായിത്തെരുവില്‍ ശബരിമല കര്‍മ്മസമിതി ഹര്‍ത്താലില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്റെ കടയടക്കം തുറക്കാന്‍ സംരക്ഷണം നല്‍കിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. ഇന്ന് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് തള്ളി മിഠായിത്തെരുവിലും കടകള്‍ തുറന്നു.

Top