കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍. ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ കോഴിക്കോട്ട് രാവിലെ കൂട്ടമായി എത്തി കടകള്‍ തുറന്നു. നൂറോളം വ്യാപാരികള്‍ സംഘമായി എത്തി കടകള്‍ തുറക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പൊലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ പറഞ്ഞു. കൊല്ലം പള്ളിമുക്കില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.
എറണാകുളത്താകട്ടെ ഹര്‍ത്താലിനെതിരെ വ്യാപാര സമൂഹം ശക്തമായി രംഗത്തുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അടച്ചിട്ട കടകള്‍ തുറപ്പിച്ചു. തിരുവനന്തപുരതു കടകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികള്‍ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ചാലയില ഉള്‍പ്പെടെ കടകള്‍ തുറന്നിട്ടില്ല.