കൊച്ചി : പൗരത്വ ഭേദഗതി ബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്‍.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു.
അതേസമയം അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ നടക്കുന്നത്. അസമില്‍ പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റിട്ടുണ്ട്.