ഹര്‍ത്താല്‍;പലയിടത്തും അക്രമം,278 പേര്‍ക്കെതിരെ കേസ്, 184 പേര്‍ കരുതല്‍ തടങ്കലില്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 278 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 184 പേര്‍ കരുതല്‍ തടങ്കലിലാണ്.

പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് കൂടിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെയാണ് പോലീസ് തടഞ്ഞത്. എന്നാല്‍ സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രകടനങ്ങളും നടക്കുകയാണ്.

വടക്കന്‍ കേരളത്തിലായിരുന്നു അക്രമങ്ങള്‍ കൂടുതല്‍. വയനാട് പുല്‍പ്പള്ളിയിലും വെള്ളമുണ്ടയിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കൊല്ലത്തും ആലുവ കുട്ടമശ്ശേരിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Top