പിറവം : യാക്കോബായ സഭ പിറവത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടന്ന പൊലീസ് നടപടിയില്‍ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന പ്രതിഷേധക്കാര്‍, അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിശ്വാസികള്‍ കുറച്ച് നേരം പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് വൈകാരികമായി വിശ്വാസികള്‍ പള്ളിയില്‍ നിന്ന് ഇറങ്ങി. വിശ്വാസികള്‍ ഇറങ്ങിയതോടെ പിറവം സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. കോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്ക് പിറവം പളളിയില്‍ ആരാധനയ്ക്ക് സൗകര്യമൊരുക്കുന്നതില്‍ നിയമോപദേശം തേടിയശേഷം തുടര്‍ നടപടി എടുക്കുമെന്നും കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് പ്രതിഷേധിച്ചത്. എന്നാല്‍ നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, പള്ളിയുടെ നിയന്ത്രണം എറണാകുളം കലക്ടറെ ഏല്‍പ്പിച്ച് ഉത്തരവിടുകയായിരുന്നു.