അലഹബാദ്: ബിജെപി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് വെല്ലുവിളിച്ച് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍.
ഗാന്ധിനഗറില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന റാലിയില്‍ ചില ബിജെപി നേതാക്കള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ഹാര്‍ദിക് അറിയിച്ചിരിക്കുന്നത്.
എന്തിനെക്കുറിച്ചാണെന്നോ ആരെക്കുറിച്ചാണെന്നോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഒരു വലിയ സ്‌ഫോടനം സൃഷ്ടിക്കുന്ന വിവരങ്ങളാകും അതെന്നും ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു.
ഗാന്ധിനഗറിലെ മാന്‍സയിലാണ് ശനിയാഴ്ച റാലി നടക്കുക. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ജന്മദേശമാണ് മാന്‍സ.
ഹാര്‍ദിക് പട്ടേലിന്റേതെന്ന് അവകാശപ്പെട്ട് ചില സെക്‌സ് സിഡികള്‍ ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഹാര്‍ദിക്. ബിജെപിയുടെ വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണിതെന്നാണ് ഹാര്‍ദിക് അനുയായികള്‍ ആരോപിക്കുന്നത്.
അതേസമയം, ഇതിന് പിന്നില്‍ ബിജെപിയല്ലെന്നും, പാട്ടീദാര്‍ വിഭാഗത്തിനിടയിലെ ഭിന്നതയാണ് ദൃശ്യങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.