ഹര്‍ത്താലില്‍ വലഞ്ഞ് ജനം; പോലീസ് സംരക്ഷണത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

ksrtc

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടത്ത് ആക്രമണങ്ങള്‍.ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞു.

ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആയതിനാല്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

ഡിപ്പോകള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തില്‍ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രം നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. ദീര്‍ഘദൂര സര്‍വീസുകള്‍ ഹര്‍ത്താല്‍ സമയത്ത് സര്‍വീസ് നടത്തില്ല.

എരുമേലി, പത്തനംതിട്ട, പമ്പ മേഖലകളില്‍ കെഎസ്ആര്‍ടിസി സാധാരണ ഗതിയില്‍ തുടരുന്നു. കെഎസ്ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം, ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന നാല് കെഎസ്ആര്‍ടിസി ബസുകള്‍ ബത്തേരിയില്‍ കുടുങ്ങി.

പൊലീസ് സംരക്ഷണത്തില്‍ ബസുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൊതുവെ ശാന്തമാണ്. വാഹനം തടയുന്നില്ലെങ്കിലും പൊലീസ് സംരക്ഷണം ഉണ്ടെങ്കില്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇന്നലെ രാത്രി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇനി നാളെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പൊലീസിന്റെ തീരുമാനം. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു.

Top