കോപ്പിയടി ആരോപണത്തിനും യഹൂദ വിരുദ്ധ നിലപാടുകള്‍ സംബന്ധിച്ച വിവാദത്തിനും പിന്നാലെ ഹാര്‍വഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ക്ലോഡിന്‍ ഗേ രാജിവെച്ചു. അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ക്ലോഡിന്‍ പ്രസിഡന്റ് ആയി ആറ്മാസം തികയുമ്പോഴാണ് ക്ലോഡിന്‍ ഗേ രാജിവെക്കുന്നത്. ഹാര്‍വഡിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞകാലം പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തികൂടിയാണ് ക്ലോഡിന്‍ ഗേ. യഹൂദ വിരുദ്ധതയെ പിന്തുങ്ങുന്ന നിലപാട് ആണ് ക്ലോഡിന്‍ സ്വീകരിച്ചതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് രാജി. പ്രസിഡന്റ് സ്ഥാനം താന്‍ ഒഴിയുകയാണെന്നും ഫാക്കല്‍റ്റി അംഗമെന്ന നിലയില്‍ തുടരുമെന്നും ഗേ രാജിക്കത്തില്‍ വ്യക്തമാക്കി.
തനിക്കെതിരെയുള്ള പ്രചാരണം ശക്തമായതോടെയാണ് ഗേ ജനുവരി 2 ന് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. വിദ്വേഷത്തെ നേരിടാനുള്ള തന്റ പ്രതിബദ്ധതകളില്‍ സംശയം തോന്നുന്നത് വിഷമകരമാണെന്ന് ക്ലോഡിന്‍ ഗേ തന്റെ രാജി കത്തില്‍ പറഞ്ഞു. ഭാരിച്ച ഹൃദയത്തോടെയാണെങ്കിലും എന്നാല്‍ ഹാര്‍വഡിനോടുള്ള അഗാധമായ സ്‌നേഹത്തോടെയാണ് താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്നും ഇത് എളുപ്പത്തില്‍ എടുത്ത തീരുമാനമല്ലെന്നും ക്ലോഡിന്‍ പറഞ്ഞു. ഹാര്‍വഡ് കമ്മ്യൂണിറ്റിക്ക് അയച്ച കത്തിലാണ് ഗേ തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. ക്ലോഡിന്‍ ഗേ രാജി വെച്ചതോടെ അലന്‍ ഗാര്‍ബര്‍ ഹാര്‍വഡിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുക്കും.
ആരോപണങ്ങള്‍ ശക്തമായതോടെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയുടെ പ്രസിഡന്റ് ഡിസംബര്‍ 9 ന് രാജിവച്ചു. ഇതിനിടെ തന്റെ പരാമര്‍ശങ്ങളില്‍ ഗേ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു, പിന്നാലെയാണ് ഗേയ്ക്കെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. എന്നാല്‍ ഗേയെ പിന്തുണച്ച് യൂണിവേഴ്സിറ്റിയിലെ 700 ഓളം പേര്‍ രംഗത്ത് എത്തിയിരുന്നു.ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന് പിന്നാലെ അമേരിക്കയിലെ യൂണിവേഴ്സ്റ്റികളില്‍ യഹൂദര്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ ജൂത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ ക്ലോഡിന്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ പരാജയപ്പെട്ടെന്നായിരുന്നു ആരോപണങ്ങള്‍. വിഷയത്തില്‍ എംഐടി, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റികളിലെ പ്രസിഡന്റുമാര്‍ക്കൊപ്പം ക്ലോഡിനെയും യുഎസ് കോണ്‍ഗ്രസ് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.