ബോക്സിങ് ജേതാക്കള്‍ക്ക് സമ്മാനമായി പശുവിനെ നല്‍കുമെന്ന് ഹരിയാന കൃഷിമന്ത്രി

റോഹ്തക്ക്: സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് സമ്മാനവുമായി ഹരിയാന സര്‍ക്കാര്‍.

ലോക യൂത്ത് വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ഓരോ പശുക്കളെ വീതം സമ്മാനമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധന്‍കാറാണ് സമ്മാനം കായിക താരങ്ങള്‍ക്കു നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ചാമ്പ്യന്‍ഷിപ്പ് നേടിയവര്‍ക്ക് സാധാരണയായി പണമാണ് സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ ഹരിയാനയുടെ അഭിമാനമുയര്‍ത്തിയ വനിതാ താരങ്ങള്‍ക്ക് വ്യത്യസ്തമായ സമ്മാനം നല്‍കണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് പശുവിനെ നല്‍കാന്‍ തീരുമാനിച്ചത്.

പശു സമ്മാനം ലഭിക്കുന്നതിലൂടെ താരങ്ങള്‍ക്ക് ഗുണമേന്മയുള്ള പാല്‍ ലഭിക്കും. അങ്ങനെ അവര്‍ക്ക് നല്ല സൗന്ദര്യവും ബുദ്ധിയും ലഭിക്കുമെന്ന് സായിയുടെ ബോക്‌സിങ് അക്കാദമിയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ കായിക പാരമ്പര്യം വളര്‍ത്തുന്നതിന്റെ ഭാഗമായുള്ള ഒരു നേട്ടവും ബിജെപി സര്‍ക്കാര്‍ കാണാതെ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നവംബറില്‍ ഗുവാഹത്തിയില്‍ നടന്ന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇതിനു പുറമെ രണ്ടു വെങ്കല മെഡലുകളും ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ നേടി.

Top