ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം; സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി നേതൃത്വം

ഛണ്ഡീഗഢ്: ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. ഹരിയാനയില്‍ 90 സീറ്റുകളില്‍ 75 സീറ്റുകള്‍ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ വ്യക്തമായ മേല്‍ക്കൈ നേടാനായിട്ടില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി 40 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മുന്നേറുന്നുണ്ട്.

46 സീറ്റുകളാണ് ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജനനായക് ജനതാ പാര്‍ട്ടി അടക്കമുള്ള മറ്റുള്ളവര്‍ 14 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഉണ്ടായ ലീഡ് നിലനിര്‍ത്താനായില്ലെങ്കില്‍ തുക്കു മന്ത്രിസഭയിലേക്ക് പോകുന്ന കാഴ്ചക്കാവും ഹരിയാന സാക്ഷ്യം വഹിക്കുക.ഇതോടെ മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യവുമായി ജനനായക് ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തി.

ചൗട്ടാല കുടുംബത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ എന്നവകാശപ്പെട്ട ജനനായക് ജനതാ പാര്‍ട്ടിയുടെ കന്നി അംഗം ആണ് ഇക്കുറി ഹരിയാനയിലേക്ക്. തെരഞ്ഞെടുപ്പില്‍ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകുമെന്ന പ്രവചനങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായിരുന്നു. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് അല്ലാതെയുള്ള ജെജെപി, ഐഎന്‍എല്‍ഡി ശിവസേന സഖ്യം നേടുന്ന വോട്ടുകളാകും ഹരിയാനയില്‍ നിര്‍ണായകമാകുക.

ജെ.ജെ.പി ഹരിയാനയില്‍ കിങ് മേക്കറാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഭൂപീന്ദര്‍ സിങ് ഹൂഡയടക്കമുള്ള നേതാക്കള്‍ ജെജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. ജെജെപിയും കോണ്‍ഗ്രസും ധാരണയിലെത്തിയാല്‍ കര്‍ണാടക മോഡല്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കും. സ്വതന്ത്രരുടെ പിന്തുണയും ഇതിനോകം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്.

Top