ചണ്ഡീഗഡ്: സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ജീന്‍സ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
പ്രൈമറി വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലിറങ്ങിയ ഉത്തരവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്. സര്‍ക്കാരില്‍ നിന്ന് ആരെങ്കിലും ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കുമെന്നും ഖട്ടര്‍ പറഞ്ഞു.
പ്രൈമറി, മിഡില്‍ ക്ലാസ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ ജീന്‍സ് ധരിച്ച് സ്‌കൂളിലെത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും അതു അനുചിതമല്ലെന്നും ചൂണ്ടിക്കാട്ടി പ്രൈമറി വിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഉത്തരവ് ഇറങ്ങിയിരുന്നു. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവണം. അനുചിതമല്ലാത്ത വസ്ത്ര രീതിയായി കണക്കാക്കപ്പെടുന്ന ജീന്‍സ് ഒഴിവാക്കണമെന്നും ജീന്‍സ് ധരിക്കരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
ഉത്തരവിറങ്ങിയതിനു തൊട്ടുപിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പല അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.