സംയുക്ത കിസാന്‍മോര്‍ച്ച ഫെബ്രുവരി 13-ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച മാര്‍ച്ചിന് മുന്നോടിയായി കൂടുതല്‍ നിയന്ത്രണങ്ങളുമായി ഹരിയാണ സര്‍ക്കാര്‍. കുപ്പിയിലോ മറ്റ് കണ്ടെയ്‌നറുകളിലോ ഇന്ധനം നല്‍കരുതെന്ന് സോനിപത് ജില്ലാ ഭരണകൂടം പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ട്രാക്ടറുകള്‍ക്ക് 10 ലിറ്ററില്‍ കൂടുതല്‍ പെട്രോള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ധനം നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതി, താങ്ങുവില എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 13-ന് 200 കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്. സമരത്തില്‍ കര്‍ഷകര്‍ എത്തുന്നത് തടയാന്‍ നേരത്തേയും ഹരിയാണ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്യാവശ്യഘട്ടങ്ങളിലൊഴികെ യാത്രക്കാര്‍ പ്രധാനപാതകള്‍ ഉപയോഗിക്കരുതെന്ന് ഹരിയാണ പോലീസ് ഉത്തരവിറക്കിയിരുന്നു.
ഡല്‍ഹിയിലെ സീലാംപുരിലും ഹരിയാണയിലെ പഞ്ച്കുലയിലും ആള്‍ക്കൂട്ടങ്ങളുടെ കൂടിച്ചേരലുകള്‍ നിരോധിച്ചിട്ടുണ്ട്. പഞ്ചാബിലേയും ഹരിയാണയിലേയും കര്‍ഷകരുടെ പ്രവേശനം തടയാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ വലിയ ക്രെയ്‌നുകളും കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്. ഹരിയാണയിലെ ഏഴ് ജില്ലകളില്‍ രാവിലെ ആറുമുതല്‍ രാത്രി 12 വരെ 13-ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ബള്‍ക്ക് എസ്.എം.എസ്. സേവനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി.