ചണ്ഡിഗഢ്: വീട്ടില്‍ പശുവിനെ പോറ്റാന്‍ പറ്റാത്ത ഹരിയാനക്കാര്‍ക്ക് ഇനി സ്വന്തം പശുക്കളെ ഹോസ്റ്റലുകളിലേക്കയക്കാം
പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലാണ് സര്‍ക്കാര്‍.
2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന സ്വയംഭരണാധികാര ബോര്‍ഡാണ് പശു ഹോസ്റ്റല്‍ എന്ന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനാണ് ഗോ സേവക് ആയോഗ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കവിത ജെയ്ന്‍ ഈ ആശയം സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല തന്റെ മണ്ഡലമായ സോനിപ്പട്ടില്‍ ആദ്യത്തെ പശുഹോസ്റ്റല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തി.
ഒരോ ഹോസ്റ്റലുകളിലും 50 പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. സങ്കരയിനങ്ങള്‍ക്ക് ഹോസ്റ്റലുകളില്‍ ഇടമുണ്ടാവില്ലെന്നും നാടന്‍ ഇനങ്ങള്‍ക്ക് മാത്രമേ ഹോസ്റ്റല്‍ സൗകര്യം ഉണ്ടാവൂ എന്നും അധികൃതര്‍ അറിയിച്ചു.
ഓരോ പശു ഹോസ്റ്റല്‍ നടത്തിപ്പിനുമായി പ്രത്യേക സൊസൈറ്റികള്‍ രൂപവത്കരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഹേസ്റ്റല്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം. അതുകൊണ്ട്തന്നെ സൈാസൈറ്റികള്‍ കെട്ടിട വാടക തദ്ദേശ സ്ഥാപനത്തിന് അടക്കേണ്ടി വരും.
എന്നാല്‍, ഉടമസ്ഥര്‍ക്ക് തന്നെയായിരിക്കും പശുക്കളുടെ പാലിന്റെ വില്‍പനയും അവകാശവും.
ഹോസ്റ്റലുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വരുന്നതോടെ തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം ഇതോടെ കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.