ചണ്ഡിഗഢ് : ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍നിന്നു ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച് രംഗത്ത് വന്ന ഹരിയാന മന്ത്രി അനില്‍ വിജ് തന്റെ വിവാദ പ്രസ്താവന പിന്‍വലിച്ചു.
‘മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരാമര്‍ശം തീര്‍ത്തും വ്യക്തിപരമാണ്. ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കും എന്നതിനാല്‍ പരാമര്‍ശം പിന്‍വലിക്കുകയാണ്’– മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
महात्मा गांधी पर दिया ब्यान मेरा निज़ी ब्यान है । किसी की भावना को आहत न करे इसलिए मैं इसे वापिस लेता हूँ ।
— ANIL VIJ Minister (@anilvijminister) January 14, 2017
ഖാദിയുടെ വില്‍പ്പന കുറയാന്‍ കാരണം ഗാന്ധിയുടെ ചിത്രമാണെന്നും അനില്‍ വിജ് കുറ്റപ്പെടുത്തിയിരുന്നു. ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവാണ് മോദി. കാലക്രമേണ നോട്ടുകളില്‍നിന്നു ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഹരിയാനയിലെ അമ്പാലയില്‍ പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു അനില്‍ വിജിന്റെ വിവാദ പ്രസ്താവന.
മോദി ഖാദിയുമായി ചേര്‍ന്നതോടെ ഉല്‍പ്പന്നങ്ങളില്‍ 14% വളര്‍ച്ച ഉണ്ടായെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. മഹാത്മാ ഗാന്ധിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി.
ഗാന്ധിയുടെ പേരു മൂലം ഖാദിയുടെ വില്‍പ്പന കുറയുകയാണ് ചെയ്തത്. രൂപയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം കറന്‍സിയില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാല്‍ നോട്ടുകളില്‍നിന്ന് പതിയെ ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും അനില്‍ വിജ് പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ വലിയ വിവാദമായതോടെയാണ് പിന്‍വലിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തത്.